ഷാർജ ∙ തൊഴില്‍ അന്വേഷകർക്ക് പ്രതീക്ഷ നല്‍കി മനുഷ്യവിഭവ വിതരണ രംഗത്തെ കമ്പനിയായ ബിസിസി ഗ്രൂപ്പ് നിർമ്മാണ – ഇന്‍റീരിയർ രംഗത്തേക്ക് പ്രവേശിച്ചു. റിയല്‍ എസ്റ്റേറ്റ് കമ്പനിയായി മാറുകയെന്നുളളതിന്‍റെ ആദ്യപടിയായാണ് കൂടുതല്‍ മേഖലകളിലേയ്ക്ക് ഗ്രൂപ്പ് കടന്നത്. ഇതിന്‍റെ ഭാഗമായി നിർമാണ വിഭാഗവും ഇന്‍റീരിയർ ഡിസൈന്‍ യൂണിറ്റും തുടങ്ങിയതായി ബിസിസി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ അംജദ് സിതാര പറഞ്ഞു.
തൊഴിലാളി മേഖലയില്‍ മികച്ച രീതിയില്‍ നടത്തിയ പ്രവർത്തനം നിർമ്മാണ മേഖലയില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ വില്ലകളുടേയും അപാർട്മെന്‍റുകളുടേയും നിർമ്മാണമാണ് ഏറ്റെടുക്കുക. കോവിഡ്19 സമയത്ത് തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തു നല്‍കി ഒപ്പം നിർത്തി. പല കമ്പനികളും തൊഴിലാളികളെ നാട്ടില്‍ അയച്ച സമയത്താണ് ബിസിസി ഗ്രൂപ്പ് അവർക്ക് യുഎഇയില്‍ തന്നെ സൗകര്യങ്ങളൊരുക്കിയത്. ഇപ്പോള്‍ രാജ്യത്ത് സ്ഥിരം തൊഴിലാളികള്‍ക്ക് ആവശ്യമേറിയപ്പോള്‍ അത് ഗുണമായെന്നും അദ്ദേഹം വിലയിരുത്തി.
ബിസിസി ഗ്രൂപ്പ് നിർമ്മാണ മേഖലയിലേയ്ക്ക് കടക്കുന്നതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും മലയാളികള്‍ അടക്കമുളള തൊഴില്‍ അന്വേഷകർക്ക് അത് ഗുണമാകുമെന്നും അസി. ജനറല്‍ മാനേജർ അമീർ അയൂബ് പറഞ്ഞു. ഗുണനിലവാരവും പൂർണതയും സമയക്രമവും ഉറപ്പുവരുത്തുന്ന കെട്ടിട നിർമ്മാണ രീതിയാണ് ബിസിസി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് മാർക്കറ്റിങ് വിഭാഗം മേധാവി രഞ്ജു സുരേഷും വാർത്താസമ്മേളത്തില്‍ പറഞ്ഞു.